വെള്ളിയാഴ്‌ച, ഒക്‌ടോബർ 25, 2013

ഒരു യാത്ര മൊഴി

ഉറുമ്പാണെല്ലാമെന്നിൽ
മുല്ലെ ! പടരാതിങ്ങനെ 
നിനക്കു നീറുകില്ലെ ?

മറ്റു പൂച്ചെടികൾ കണ്ടില്ലെ 
ചായാതെ നോക്കാതെ 
നില്ക്കുന്നു ദൂരെ 

എത്രനീളം പടരാൻ 
കഴിയും നിനക്കിനി 
തൊടിയിലൊരുനാൾ
കത്തിതീരണമൊരു
പ്രണയമായ്

എന്നെയും നിന്നെയും
പരിപാലിച്ചൊരു ജര
നര വീണൂ കിടുപ്പുണ്ടവിടെ
തളർന്നുറങ്ങുന്നു നിശ്ചലം
ഇനി വൈകികൂട നിനക്ക്
പടരാനിനി ഞാനില്ല

ഇപ്പോഴുമാടുന്നുണ്ടൊരു
ഊഞ്ഞാലെന്നിൽ,
അതിലാടിയവരങ്ങോ
പറന്നുപോയീ തള്ളകിളിയെ
മറന്നുപോയീ ,

എന്റെ മടിയിലുറങ്ങുന്ന
വെയിലിനോടും
കുശലം ചോദിച്ചിരുന്ന
കാറ്റിനോടും യാത്ര
പറയണമെല്ലാവരോടും

ഘോഷയാത്ര കഴിഞ്ഞുവരുന്ന
ഉറുമ്പുകൾക്ക്‌ഞാനില്ലിനി
ശേഷിച്ചത് നിനക്കെന്റെ
വാടിയയിലകളും നിനക്ക്
കൂട്ടായി ചവിട്ടിയരച്ച പൂക്കളും
ചിതറി കിടക്കും ...

കണക്ക്



ഞാനും വാര്യത്തെ പട്ടിയുമാണ് 
സുഗുണന്‍ മാഷിന്റെ വേലിയെ 
മാനിക്കതിരുന്നത് ,,

അതുകൊണ്ട് തന്നെ
മാഷിന്റെ കണക്കില്‍ 
ഞാന്‍ കണക്കായിപോയതും,

കൈ വഴങ്ങാതിരുന്ന
ഗുണനങ്ങൾ തുടയിലെ
നീറ്റലിലാണ് തെളിഞ്ഞു കണ്ടത് ,,

ഗൃഹപാഠമാണ് കടുപ്പം
ഒട്ടിപോകുന്ന പെരുക്കങ്ങളും
പൊട്ടിപോകുന്ന ഘനരൂപങ്ങളും
എന്റെ ഉറക്കരതിയെ തെല്ലൊന്നുമല്ല
അലോസര പെടുത്തിയത്,,

ഹരിക്കാനും ഗണിക്കാനു-
മറിയാത്തഞാനൊരു
ചോദ്യ ചിഹ്നമാകുന്നതുമപ്പോഴാണ്,

അന്നാദ്യമായീ മൂന്ന്
ഗുണനചിഹ്നം കണക്കിലെ
കളിയിൽ കേമനെന്നറിഞ്ഞത്,,

കാലം കണക്കു പോലെ
അധിക ചിഹ്നത്തിൽ
കടന്നു പോയൊരു നാളിലാണ്
അങ്ങാടിയിലെ അഛന്റെ
പീടികയിലെ കണക്കു
ഞാൻ മാഷിനോട് പറഞ്ഞത് ,,

അന്നാണ് മാഷ്‌ പറഞ്ഞത്
നീ കണക്കിലെ കളിയെല്ലാം
പഠിച്ചിരിക്കുന്നു കുറയ്ക്കാനും
കൂട്ടനുമല്ല പെരുപ്പ കണക്കും
നിനക്കറിയാമിപ്പോള്‍....

അവള്‍

അടുക്കളയിലായിരിക്കുമ്പോൾ
മാത്രമാണവള് കരഞ്ഞു
കണ്ണ് തുടക്കുന്നത്,
കണ്ണുകള്‍ തികയാതെ
വരുന്നതുമപ്പോഴാണ് ...

ടീവിയിലെ പെണ്ണിന്റെ
കരച്ചില് നോക്കി-
നിന്നതുകൊണ്ടാണിന്നു
ചമ്മന്തി മതിയെന്ന് 
യെന്നൊടവൾ
കൊഞ്ചി കുഴഞ്ഞത് ,

നിസ്സംഗതയോടെ
അവളെത്തന്നെ
നോക്കി കിടക്കുന്ന
പൂച്ചയെ അരുമയോടെ
നോക്കിരിക്കുമ്പോഴാണ്‌
അടച്ചു വച്ച ചട്ടിയിലെ
മീന്‍ തുലാവർഷ മഴയില്‍
ചാടി പോയത് ,,

ഉറിയിലെ ഉപ്പു കല്ലില്‍
കൈ തൊട്ടപ്പോഴാണ്
കടല്കരയിൽ കൈ കോർത്ത്‌
കിന്നാരം പറഞ്ഞു നടന്ന
നായികയെഓർമ്മവന്നത്,

ഉച്ചപടം കഴിഞ്ഞപ്പോഴാണ്
കറി കൂട്ടു തോരനും കഴിഞ്ഞു
അടിപ്പിലെ കരിയിലെത്തിയത്,

അടുത്തവീടിലെ ഒരടുക്കള
ആരും കാണാതെ പൊതിഞ്ഞു
വരുമ്പോഴേക്കും വിശപ്പിന്റെ
അവസാനവേലിയും പൊളിച്ചു
ഞാന്‍ പുറത്തു ചാടുന്നത്
 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2013

ആരോടും

ആരോടും പറയണ്ട
നമ്മള്‍ പെറുക്കിയെടുത്ത 
പ്രണയത്തിന്‍ വിത്തുകള്‍ ,
നമ്മുടെ കണ്ണുകള്‍-
കൈമാറിയ കാഴ്ചകള്‍,

വിരലുകള്‍ പരസ്പരം 
ചേര്ത്തു കഥകള്‍ 
പറഞ്ഞിരിക്കെ നീയൊരു 
ഉപ്പുകടലായത് 

ആരോടും പറയണ്ട
പെറുക്കിയെടുത്ത
മഞ്ചാടികുരു മോഹങ്ങളും,
വസന്തം മറന്ന
ശലഭങ്ങളായതും

കിനാക്കളുടെ രഹസ്യങ്ങള്‍ .
നമ്മുടെ ചുട്ടു പൊള്ളുന്ന
കിനാക്കളിലവർ
വെന്തുരുകിപോയാലോ ?

ആരോടും പറയണ്ട
ഞാൻ നിനക്ക്
നക്ഷത്രങ്ങളും
മഴയും തന്നത് ,
പകരം നീയെനിക്കു
മരണം മണക്കുന്ന
വാക്കുകൾ തന്നത് ,,,.

ബുധനാഴ്‌ച, ഒക്‌ടോബർ 09, 2013

കാത്തിരിപ്പ്

അമ്മാവനുമെത്തി എന്നിട്ടുമെങ്ങുമെത്തിയില്ല! ചിലപ്പോഴൊക്കെ മിഴിയൊന്നടച്ചു തുറക്കും,
കാത്തിരിപ്പിനന്ത്യ- മായൊരു നിലവിളി പുറത്തെക്കിറങ്ങിവരുമെന്നു ഞാനും കാത്തിരുന്നു മടുത്തു,
വഴയില്‍ വച്ചിട്ട് പോന്നൊരു കല്യാണവും,,കള്ളുഷാപ്പിലെ പാതി നിര്‍ത്തിയ തെറിപാട്ടുകളും, ഓഫിസിലെ മുഖ പുസ്തകവും നഷ്ടമായതെനിക്കല്ലേ?
തെക്കെതോടിയിലെ തേന്മാവിന്‍ ചോട്ടിലൊരു കോടാലിയും ചാരിയിരുന്നു പരിഭവം പറയുന്നു, അക്ഷമയോടെ, ഈ നശിച്ച ഞരക്കം മാത്രം കേട്ടെത്ര നേരമായ്‌ കാത്തിരിക്കുന്നു !
ഇനി ഇന്നുണ്ടാവില്ലന്നും നാളെ പഞ്ചമിയെന്ന ആവലാതിക്കുള്ളിലും കേശുമാമന്‍ നെഞ്ചോന്നുതടവി ഉമ്മറതിണ്ണയിലേക്കൊന്നു ചാഞ്ഞു,മെല്ലെ ചെല്ലം- തേടിയെന്നെ യൊന്നു നോക്കി പൊക്കിള്‍ ക്കൊടിയുടെ ബന്തമൊന്നുറപ്പിച്ചു
തെക്കിനിത്തളത്തിലപ്പോഴും നെഞ്ചുംകൂടു പൊളിച്ച്‌ പുറത്തു ചാടുന്ന ജീവശ്വാസത്തിന്റെ ഞരക്കവും കയറ്റുകട്ടിലിന്റേ ജീവതാളവും കേള്‍ക്കാം.

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2013

ശാന്തി കോമരങ്ങള്‍

ചത്തുറങ്ങിപ്പോയ രാത്രികളില്‍
മന്ത്രം ചൊല്ലിമോക്ഷം
നല്കണം ദേഹിക്ക് ,,

വറ്റുരുളയാക്കി
പിണ്ഡംവച്ച് എള്ളും
പൂവും ചന്ദനവും, കിണ്ടി
വാലിലൊരു നീരും
കൊടുത്തുന്നു ചൊല്ലണം

അനുഗ്രഹമെത്ര
വാരിയെറിഞ്ഞു
അന്നമിറങ്ങാ
തൊണ്ടകൊണ്ട്‌
ദേഹിഹിതമെത്ര
വിളിച്ചു ചൊല്ലി,

ചുണ്ടില്‍ മൃത്യുവിന്‍
മന്ത്രതാളമുണർന്നപ്പോൾ
തൊലി തുളച്ചു പൊന്തിയ
എല്ലിൻ കൂട്ടിൽ
വിശപ്പിന്റെ ജീവതാളം

ഒരുരുള വറ്റിനു വേണ്ടി
ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി
ദൂരം താണ്ടുന്ന
ശാന്തി കോമരങ്ങള്‍ ,

വിശക്കുന്ന വയറിന്റെ
വറ്റോളം വരുമോ
പ്രിതു തർപ്പണത്തിന്റെ
ഒരുരുള ചോറിൻ
പിണ്ഡത്തിൻ പുണ്യം??

അപരാധി

യുദ്ധകാണ്ഡങ്ങള്‍ക്ക്‌-
ഹേതു നീയോഞാനോ ?
കേട്ട രോദനങ്ങള്‍കെന്തു-
വില നല്‍കും രാമാ?

നിനക്കുപത്നി പോലെ
എനിക്ക് ഭഗിനി
വലുതല്ലന്നോ?

നവതീര്ത്ഥ്ങ്ങളില്‍
മുങ്ങി കുളിച്ചു,
ചമത മുറിച്ചു

കാമത്തിന്റെ
ചതഞ്ഞരഞ്ഞ
പെണ്ണുടല്‍,

യാഗ ധൂളിയില്‍
എള്ളും,പൂവും ,നെയ്യും
യാഗാഗ്നിയിലര്പ്പിച്ചു

കാവിയും
ശരങ്ങളുമായി
നീ വീണ്ടും വരും

അവളൊരു
വിശുദ്ധയായും
കന്യകയായും
ദേവിയായും
അമ്മയായും,

എന്നിട്ടുമെന്തേ
നീ യവളെ
ഉപേക്ഷിച്ചു ?

പ്രീയ ഭഗിനിയുടെ
ചൂഴ്നെടുത്ത
മുലയും മൂക്കും

ചോരവാര്‍ന്ന്
പ്രണയം
കാണാതെ

എന്റെ‍
കണ്ണുകള്‍ കൂടി
ചൂഴ്നെടുക്കാതെ -

ഈ നിസഹായനായ
രാവണനെന്നും
അപരാധി മാത്രം ...!
നിറഞ്ഞു കവിഞ്ഞൊഴുകിപോയ
നീയിപ്പോള്‍ ഈറനണിയിക്കുന്നത്,
നാളേക്ക് കാത്തുവച്ച 
സ്വപ്നങ്ങളും,കൊഴിഞ്ഞു-
പോയ മഴക്കാറ്റിലെ 
കുറച്ചു പ്രണയവുമാണ്