ബുധനാഴ്‌ച, ജനുവരി 08, 2014

മൌനം തേടി

എന്റെപ്രണയ
പ്രവാഹത്തിലൂടെ-
യൊഴിക്കിവിട്ട 
കടലാസു തോണികള്‍
സൂചിക്കുഴിയിലൂടെഎന്റെ
ഊഷരഭൂമിയിലെ 
വരള്‍ച്ചയാണ് മാറ്റുന്നത് ,,

നൂല്‍ പൊട്ടിയ
പട്ടം പോലെ 
മേഘ പാളികളും
കടന്നൊരു നോട്ടം
പോലുമാകാതെ
പ്രണയം അവസാനിക്കുന്നു ,,

ഇനിയെന്ത് എന്നതിനും
വക്രതയില്ലാത്ത
ജനലഴിക്കുള്ളിലെ
മിഴിപൂക്കള്‍ വിടര്‍ത്തി
മഴയായ്‌ ,മഞ്ഞായ്‌

ഒരു ജല രേഖയായ്‌
അഗാതമായ ആഴിയില്‍
ഒരു കടല്‍ ജീവിയെ പോലെ
ഉപേക്ഷിക്കാ പെട്ട
ചിപ്പിയുടെ മൌനാം
തേടിയൊളിച്ചൊരു
യാത്ര കടല്‍ ജീവിയെ പോലെ 

ബാല്യം

കണ്ടു തീര്‍ന്നകിനാവുകളില്‍ പുല്‍കി 
ചില്ലുകൂട്ടിലൊളിക്കട്ടെ ഞാനിനി,
പിച്ചവച്ച നാളിലെ ഓര്‍മ്മകള്‍ 
ഇല്ല! ഗ്രീഷ്മംമറഞ്ഞു പോയിന്നലെ,,

ശൈശവത്തിലെ സഞ്ചാര വീഥികള്‍
തല്ലി വീഴ്ത്തിയ മാമ്പൂവിന്‍ചില്ലകള്‍,
വീട്ടു വക്കിലെ തോട്ടിലൂടെയെന്‍
പൂന്തോണിമെല്ലെ പൂവുമായ്‌ മറയുന്നു, 

പൂക്കള്‍ തുന്നിയ നിക്കറിന്‍ കീശയില്‍
കാത്തുവച്ചോരാ മധുരങ്ങളൊക്കയും
നുള്ളി നോവിച്ചു കട്ടെടുത്തെന്നുടെ
തെറ്റികുടയിലെ കുഞ്ഞുറുമ്പിന്നലെ,!

ആത്മ സമര്‍പ്പണം

ഓരോ കൂടിച്ചേരലും 
അഗ്നിയില്‍ സ്വയം
വെന്തുരുകി തീര്‍ത്ത
രാവുകള്‍ ,,

മടങ്ങിപോകുന്ന 
ചില കണ്ണുനീര്‍തുള്ളികള്‍
ഉടയാതെ ചിതറാതെ,

കുന്നികുരുമോഹങ്ങള്‍ 
ചേര്‍ത്തുവച്ചു ചെമ്പകത്തിന്‍
ചില്ലയൊന്നനാഥമാകുന്നു,,
ഇനി ആത്മ സമര്‍പ്പണ
സമാധിയില്‍,

തിങ്കളാഴ്‌ച, ഡിസംബർ 30, 2013

വാക്ക്

വാക്കിലാണ് നാറ്റം
വായ്ക്കും തൊണ്ടക്കും 
നാറ്റമില്ലന്നെനിക്കറിയാം

പറയാനുള്ളത് പറയാതെയും
പറയാത്തത് പറഞ്ഞും 
നിനച്ചതല്ല പുറപെട്ടത്‌,

ദുഷിച്ചതില്‍ ചേരുന്ന-
ഉണ്മകളുംദുർഗന്ധംവമിക്കും,,
പകമറക്കാം,
വാക്കുകൾ തിരുത്താം
കൈവിട്ട ആയുധം
വിധിയെന്നു പറയാം
കൈവിട്ടവാക്ക്
തനിക്ക് മാത്രം സ്വന്തം,,

എന്റെയും നിന്റെയും അവന്റെയും
മനസ്സ്കടല്‍ പോലെയാണ്,
എല്ലാമടങ്ങിരിക്കുന്നു
ചിലപ്പോൾ ആര്‍ത്തുലച്ചും
ശാന്തമായും തല്ലിയും
തലോടിയും പോകുന്ന മനസ്,,

കാഴ്ചകള്‍

മയിൽ പീലി തേടിയിറങ്ങിയയെനി-
ക്കിന്നു പുസ്തകങ്ങളാണ് വിശറി,
ചിതലു വായിക്കുന്ന കഥകൾ 
കേട്ടലമാര ഊറിച്ചിരിക്കുന്നു .

ചരിത്രത്തിലെ രാജാവിന്റെ 
മുഖത്ത് പല്ലി കാട്ടം വിതറി 
പ്രതിഷേധിച്ച ആത്മനിർവൃതിയിൽ പല്ലി ! 
യിണയെ കാത്തിരിക്കുന്നു

മൂലധനത്തിന്റെ ചിന്തകളാല്‍
ചന്തിയൊട്ടി പാര്‍ക്കുന്നയെട്ടുകാലി
ഇരക്കു വേണ്ടി വലയൊരുക്കുന്നു

എന്റെ ജ്ഞാനത്തിലിനിഞാന്‍
ജ്ഞാനപീഠം കയറട്ടെ

ഫെമിനിസ്റ്റ്

ഫെമിനിസ്റ്റായീകൊള്ളൂ !!
നീ കായ്‌ കനീയൊന്നും മോഹിക്കരുത് 
ഇലയില്ലാത്ത മരമായീ കൊള്ളൂ ,ഒന്നോര്‍ക്കുക !
ഇലയനക്കങ്ങളിലാണ് തണലും കുളിരും, 
അപരാജിതയായ ഒരുവളുടെ
കൈകരുത്തില്‍ ഉഴുതു മറിച്ചു 
നിനക്ക് കന്യകയാകാം 
മഴക്ക്‌ പെയ്തൊഴിയാതിരിക്കാനാവില്ല,

വഴിയമ്പലം

സ്വപ്നങ്ങള്‍ തണുത്തുവിറച്ച്‌
വഴിയമ്പലത്തിന്‍ ചാഞ്ഞ നിഴല്‍ 
പോലെയാണ് ജീവിതം 

അസ്തമയത്തിന്റെ നേര്‍ത്ത
മൗനം ഇരുട്ടിന്റെയും ജീവിതത്തിന്റെയും 
നോവിന്‍ യാമാങ്ങളാണ് 

മനസ്സിന്റെ ചിത്രപണിചെയ്ത 
കവാടത്തിലൊരു പിടച്ചിലുണ്ടാവുന്നു 
ഇനീ പുലരിയുടെ ഗർഭം പേറുന്ന
പേറ്റു നോവിന്റെനിമിഷം

അകത്തൊ പുറത്തൊ-
യെന്നപോലെ ജീവിതത്തിന്റെ
ത്രിശങ്കു സ്വര്ഗ പ്രയാണം
ഉടല്‍ ആര്‍ത്തിയോടെ
ശ്വാസത്തിനായ്‌ പിടയുന്നു ,

വിളക്കിനു മുന്നില്‍ പാഞ്ഞടുത്തു
മിഴികളാല്‍ മരണമെന്നെഴുതുന്ന
ഈയാം പാറ്റകളാണ് ചുറ്റും
നാളെ അതിലൊരു പറവയായ്‌
വഴിയമ്പലം വിട്ടൊഴിയെണ്ടവർ