തിങ്കളാഴ്‌ച, ഡിസംബർ 30, 2013

വാക്ക്

വാക്കിലാണ് നാറ്റം
വായ്ക്കും തൊണ്ടക്കും 
നാറ്റമില്ലന്നെനിക്കറിയാം

പറയാനുള്ളത് പറയാതെയും
പറയാത്തത് പറഞ്ഞും 
നിനച്ചതല്ല പുറപെട്ടത്‌,

ദുഷിച്ചതില്‍ ചേരുന്ന-
ഉണ്മകളുംദുർഗന്ധംവമിക്കും,,
പകമറക്കാം,
വാക്കുകൾ തിരുത്താം
കൈവിട്ട ആയുധം
വിധിയെന്നു പറയാം
കൈവിട്ടവാക്ക്
തനിക്ക് മാത്രം സ്വന്തം,,

എന്റെയും നിന്റെയും അവന്റെയും
മനസ്സ്കടല്‍ പോലെയാണ്,
എല്ലാമടങ്ങിരിക്കുന്നു
ചിലപ്പോൾ ആര്‍ത്തുലച്ചും
ശാന്തമായും തല്ലിയും
തലോടിയും പോകുന്ന മനസ്,,

കാഴ്ചകള്‍

മയിൽ പീലി തേടിയിറങ്ങിയയെനി-
ക്കിന്നു പുസ്തകങ്ങളാണ് വിശറി,
ചിതലു വായിക്കുന്ന കഥകൾ 
കേട്ടലമാര ഊറിച്ചിരിക്കുന്നു .

ചരിത്രത്തിലെ രാജാവിന്റെ 
മുഖത്ത് പല്ലി കാട്ടം വിതറി 
പ്രതിഷേധിച്ച ആത്മനിർവൃതിയിൽ പല്ലി ! 
യിണയെ കാത്തിരിക്കുന്നു

മൂലധനത്തിന്റെ ചിന്തകളാല്‍
ചന്തിയൊട്ടി പാര്‍ക്കുന്നയെട്ടുകാലി
ഇരക്കു വേണ്ടി വലയൊരുക്കുന്നു

എന്റെ ജ്ഞാനത്തിലിനിഞാന്‍
ജ്ഞാനപീഠം കയറട്ടെ

ഫെമിനിസ്റ്റ്

ഫെമിനിസ്റ്റായീകൊള്ളൂ !!
നീ കായ്‌ കനീയൊന്നും മോഹിക്കരുത് 
ഇലയില്ലാത്ത മരമായീ കൊള്ളൂ ,ഒന്നോര്‍ക്കുക !
ഇലയനക്കങ്ങളിലാണ് തണലും കുളിരും, 
അപരാജിതയായ ഒരുവളുടെ
കൈകരുത്തില്‍ ഉഴുതു മറിച്ചു 
നിനക്ക് കന്യകയാകാം 
മഴക്ക്‌ പെയ്തൊഴിയാതിരിക്കാനാവില്ല,

വഴിയമ്പലം

സ്വപ്നങ്ങള്‍ തണുത്തുവിറച്ച്‌
വഴിയമ്പലത്തിന്‍ ചാഞ്ഞ നിഴല്‍ 
പോലെയാണ് ജീവിതം 

അസ്തമയത്തിന്റെ നേര്‍ത്ത
മൗനം ഇരുട്ടിന്റെയും ജീവിതത്തിന്റെയും 
നോവിന്‍ യാമാങ്ങളാണ് 

മനസ്സിന്റെ ചിത്രപണിചെയ്ത 
കവാടത്തിലൊരു പിടച്ചിലുണ്ടാവുന്നു 
ഇനീ പുലരിയുടെ ഗർഭം പേറുന്ന
പേറ്റു നോവിന്റെനിമിഷം

അകത്തൊ പുറത്തൊ-
യെന്നപോലെ ജീവിതത്തിന്റെ
ത്രിശങ്കു സ്വര്ഗ പ്രയാണം
ഉടല്‍ ആര്‍ത്തിയോടെ
ശ്വാസത്തിനായ്‌ പിടയുന്നു ,

വിളക്കിനു മുന്നില്‍ പാഞ്ഞടുത്തു
മിഴികളാല്‍ മരണമെന്നെഴുതുന്ന
ഈയാം പാറ്റകളാണ് ചുറ്റും
നാളെ അതിലൊരു പറവയായ്‌
വഴിയമ്പലം വിട്ടൊഴിയെണ്ടവർ

ശില സ്ഥാപനം

കല്ലിടാന്‍, കുഴി 
കുഴിക്കുന്നുണ്ട് 
കര്മ്മം നടക്കുന്നുണ്ട് 
കൊടിവച്ച കാറ് 
കിടക്കുന്നുണ്ട് 

ഒരു തണലു
മരിക്കുന്നുണ്ട്
ചില്ലകൾ
കൊഴിയുന്നുണ്ട്
ചിലയിലകൾ
മണ്ണിൽ തളർന്നു
ചിതറി കിടക്കുന്നുണ്ട്

ചെറു വേരുകളുടെ
തേങ്ങലുയരുന്നുണ്ട്
അതിരുകടന്നു പാഞ്ഞു
പോയൊരു വേരലറി
കരയുന്നുണ്ട്,,ഉറവ തേടി
പോയവർ വേറെയുണ്ട് ,

കണ്ണീരിൽ ചുവന്നൊരു
ഇളം വേര് പിരിയാതെ
മുല്ലയെ ചുറ്റിവരിഞ്ഞു
പ്രണയിച്ചു നില്ക്കുന്നുണ്ട്

ആരവത്തിനും ആര്പ്പു
വിളികൾക്കുമിടയിൽ
മണ്ണുകാര്ന്നും മരിക്കാതെ
ഹൃദയ വേര് പിടയുന്നുണ്ട്
ശേഷിച്ച തായ്‌ വേര്
നെഞ്ചു വിരിച്ചു മരിക്കുന്നുണ്ട്.

ജീവിതം

ജീവിതം കൂട്ടിമുട്ടിച്ചിതാ
മണ്ടുന്നു ജീവിത ഭാരത്താല്‍ 
കൂനിയ ചുമലുമായ്,

കത്തി ജ്വലിക്കുന്നു
മനസിന്റെ പട്ടട
കത്തി നിൽക്കുന്നിതാ
മദ്ധ്യാഹ്ന സൂര്യന്‍,

മനസിന്റെ ചെപ്പിലെ
നിറഞ്ഞ മഞ്ചാടികള്‍
മറന്നുപോയ്‌ കളഞ്ഞു-
പോയ്‌ പരതട്ടെയെന്മനം

മഴ വന്നു പോയതും
മഞ്ഞായ്‌ പൊഴിഞ്ഞതും
മാഞ്ഞു പോയെങ്ങോയെന്‍
കിനാക്കളായിന്നലെ

കപടമായ്‌ തീരുന്ന
പ്രണയത്തിന്‍ മുത്തുകള്‍
കൊഴിഞ്ഞു വീഴുന്നൊരു
ദളം കണക്കായിതാ

ഒരു മരച്ചില്ലയില്‍
കൂട് തേടി ഞാനിനി
ഓര്‍മ്മകള്‍ .ചേക്കേറാന്‍
കാത്തിരിക്കുന്നിതാ ...,

അറിയാതെ

മഴയ്ക്കൊഴുകി വന്ന പരല്‍ മീനുകളുടെ 
കഥപറയുന്നവളെന്തേ നാണത്താല്‍ 
മൌനിയായകത്തളം പൂകുന്നു ?

മാകന്ദപ്പൂമണം വീശുന്ന കാറ്റത്ത് 
വീഴുന്ന മാങ്ങ പെറുക്കാന്‍ വരുന്നവള്‍ 
ഇന്നെന്തേ കൂടെ വരാന്‍മടിക്കുന്നു?

മുട്ടോളമെത്തുന്ന പട്ടുപവാടകളെല്ലാം 
മുറവും ചുണ്ണാമ്പും തരുന്ന നാണിയമ്മക്ക് -
അമ്മായി വെറുതെ കൊടുത്തതെന്തേ

ഉടലാകെ നനയിച്ചു കുളിര്കാറ്റു
പെയ്യിച്ചു വെയിലിന്റെ ചിരികാണാൻ
ഉള്ളു തുടിച്ചടുത്തുവന്നയെന്നെ നീ,,,

പഴമയുടെ കഥയിലെ കനവുകള്‍
ചൊല്ലിയും സ്നേഹമാം വിലക്കുകളാലൊരു
കവിളിണ തുടുത്തു പറഞ്ഞതെന്തേ
നീ മിഴിപാകിയെന്നോട് പറഞ്ഞതെന്തേ

സര്‍പ്പകാവ്


നീറനുറുമ്പു കടിയേറ്റു പറിച്ച
മരോട്ടി മുറിച്ചൊരു ബാല്യത്തിന്‍
വിളക്കുണ്ടറുകൊല പുന്നയ്ക്ക് ചുറ്റും,,

പച്ചീർക്കിൽ പന്തം കത്തിയ കരിയുണ്ട് ,
നീണ്ടൊരു നിഴലുണ്ട്, നിശബ്ദമാം 
കാറ്റിലാടും വരണ്ടയിലകളുണ്ട്,

മഞ്ഞവിതറിയ സർപ്പ കളങ്ങളുണ്ട്
കരിന്തിരികളിണ ചേർന്നു കത്തുന്ന
കരിനാഗത്തിൻ ഫണമുള്ള പുകയുണ്ട്,

സര്‍പ്പക്കോലങ്ങള്‍ക്ക് തിളക്കമുണ്ട്
പൂക്കുല ചിതറിവീണുണങ്ങിയ മണമുണ്ട്,
ഉറുമ്പുകളിഴഞ്ഞു നീങ്ങിയ പാടുണ്ട്

വിശപ്പിന്‍ കഥയൊരു പുള്ളോന്‍
പാടുന്നുണ്ട് ,പുള്ളോര്‍ കുടത്തിന്‍-
കൂടെ പലതലകളാടുന്നുണ്ട്..

ഭീരു

ആശുപത്രിക്കട്ടിലിനരികില്‍ 
അറ്റന്ടെര്‍ ലീലാമ്മയുടെ 
തെറിയില്‍ പൊതിഞ്ഞ 
ബ്രഡിലും മുട്ടയിലുമാണ് 
കേശുമാമന്റെ മരവിച്ചു
പിണഞ്ഞുകെട്ടിയ കനവിന്റെ
ഞരമ്പ് തുന്നിച്ചേർത്തത്,,

ശസ്ത്രക്രിയാമുറിയില്‍ 
പരന്ന ചോര കണ്ടാവണം
രാത്രിവണ്ടിക്കു ഞാന്‍
ആംബുലൻസിൽ കയറാതെ
ഓടിപോന്നത്.

മടിയിലൊളിപ്പിച്ച മധുരം തന്നു,
വാരിയെടുത്തുമ്മ വയ്ക്കുന്ന
കേശുമാമനെ ഓർത്തിട്ടാവണം
നീര്‍കണങ്ങളിറങ്ങി ഉണങ്ങിയ
കവിള്‍ത്തടങ്ങള്‍ കണ്ണുകളുടെ
പൗരുഷത്തോട്‌ നീയെവിടെയെന്നൊരു
ചോദ്യം ചോദിച്ച്‌ മടങ്ങി പോയത് ,,

മൗനത്തിന്റെ ഭാഷ

മൗനത്തിന്റെ ഭാഷയാണുത്തമം!!
ഇണപോലുമറിയാതെ തൃഷ്ണകളില്‍
മിഴിതുറന്നിരിക്കാം,,

ഇരുട്ടിന്റെയാമങ്ങളില്‍
നിലാവിന്റെ നെറുകയില്‍ 
ചുംബിച്ചുണര്ത്തുന്നത് പോലെ,
.
വൃത്തമില്ലാത്ത മഞ്ഞും മഴയും 
ഇരുളും വെളിച്ചവും ഓരോ
ദളങ്ങളായി നുള്ളിയെടുക്കാം,,

എങ്കിലും ചിതറി വീഴുന്ന
സ്നേഹനീരുകള്‍ ജീവിതത്തിന്റെ
മൗന നിമിഷങ്ങളിലൊരു
കനലുവന്നു വീണു തീപടരുന്നു,,,

ഇടയനോടുള്ളടുപ്പം

ഇടയനോടുള്ളടുപ്പം
ഇണ ചേര്‍ക്കാനെളുപ്പം.
ചൂടാറിയ സ്നേഹമൂറ്റികുടിച്ചു 
കാലത്തെ വരവേൽക്കുന്നു 
പുതു സോഷ്യലിസ്റ്റ്‌ ലോകം,
ശിഥിലമാകുന്നതറിയാതെ 
തെന്നി നീങ്ങുന്ന ചാടുകള്‍ ,
അര്ത്ഥം നോക്കി,
കാലം, സമയം ഇവയും നോക്കി 
അച്ചടിപ്പിഴയുടെ വാവിട്ട വാക്ക് 
വിശുദ്ധ നാമങ്ങള്‍ നികൃഷ്ടനെന്നും,
ശുംഭനെന്നും, ചണ്ഡാളനെന്നും...
പുലരുമ്പോള്‍ നാമം വിശുദ്ധമാക്കി
വിഴുപ്പു കഴുകിക്കളയുന്നു
ചുമക്കാനൊന്നുമില്ലെങ്കില്
യാത്രയേറെ സുഖപ്രദം ! ആമേന്‍
ചുമടുതാങ്ങിയോടുള്ള സ്നേഹം കൊണ്ട്
ചുമടെടുക്കില്ലെന്നു
പലവുരി വിളിച്ചു പറയാം..

എന്നിട്ടും

സന്ധ്യയൊരു ചുവന്ന
പട്ടു തൂവാലവീശുമ്പോള്‍ ,
നിന്റെ മിഴികളിലാണ്
നീല സാഗരം ,

ഏഴുകടല്‍ താണ്ടുന്ന
ദേശാടനകിളി പോലെ 
നിഴലിന്‍ തണലിലെ 
ചിറകില്‍ ചേര്‍ത്തു 
വയ്ക്കുന്ന സ്വപ്നങ്ങള്‍,

പിരിയുമ്പോള്‍ ഞാന്‍
ചോദിച്ചതൊരു
പൂവിതള്‍ മാത്രം

എന്നിട്ടും പ്രണയമൊരു
മന്ദാര പൂ പോലെ
ഓര്‍മ്മകളില്‍
തപസ്സിരിക്കുന്നു.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 25, 2013

ഒരു യാത്ര മൊഴി

ഉറുമ്പാണെല്ലാമെന്നിൽ
മുല്ലെ ! പടരാതിങ്ങനെ 
നിനക്കു നീറുകില്ലെ ?

മറ്റു പൂച്ചെടികൾ കണ്ടില്ലെ 
ചായാതെ നോക്കാതെ 
നില്ക്കുന്നു ദൂരെ 

എത്രനീളം പടരാൻ 
കഴിയും നിനക്കിനി 
തൊടിയിലൊരുനാൾ
കത്തിതീരണമൊരു
പ്രണയമായ്

എന്നെയും നിന്നെയും
പരിപാലിച്ചൊരു ജര
നര വീണൂ കിടുപ്പുണ്ടവിടെ
തളർന്നുറങ്ങുന്നു നിശ്ചലം
ഇനി വൈകികൂട നിനക്ക്
പടരാനിനി ഞാനില്ല

ഇപ്പോഴുമാടുന്നുണ്ടൊരു
ഊഞ്ഞാലെന്നിൽ,
അതിലാടിയവരങ്ങോ
പറന്നുപോയീ തള്ളകിളിയെ
മറന്നുപോയീ ,

എന്റെ മടിയിലുറങ്ങുന്ന
വെയിലിനോടും
കുശലം ചോദിച്ചിരുന്ന
കാറ്റിനോടും യാത്ര
പറയണമെല്ലാവരോടും

ഘോഷയാത്ര കഴിഞ്ഞുവരുന്ന
ഉറുമ്പുകൾക്ക്‌ഞാനില്ലിനി
ശേഷിച്ചത് നിനക്കെന്റെ
വാടിയയിലകളും നിനക്ക്
കൂട്ടായി ചവിട്ടിയരച്ച പൂക്കളും
ചിതറി കിടക്കും ...

കണക്ക്



ഞാനും വാര്യത്തെ പട്ടിയുമാണ് 
സുഗുണന്‍ മാഷിന്റെ വേലിയെ 
മാനിക്കതിരുന്നത് ,,

അതുകൊണ്ട് തന്നെ
മാഷിന്റെ കണക്കില്‍ 
ഞാന്‍ കണക്കായിപോയതും,

കൈ വഴങ്ങാതിരുന്ന
ഗുണനങ്ങൾ തുടയിലെ
നീറ്റലിലാണ് തെളിഞ്ഞു കണ്ടത് ,,

ഗൃഹപാഠമാണ് കടുപ്പം
ഒട്ടിപോകുന്ന പെരുക്കങ്ങളും
പൊട്ടിപോകുന്ന ഘനരൂപങ്ങളും
എന്റെ ഉറക്കരതിയെ തെല്ലൊന്നുമല്ല
അലോസര പെടുത്തിയത്,,

ഹരിക്കാനും ഗണിക്കാനു-
മറിയാത്തഞാനൊരു
ചോദ്യ ചിഹ്നമാകുന്നതുമപ്പോഴാണ്,

അന്നാദ്യമായീ മൂന്ന്
ഗുണനചിഹ്നം കണക്കിലെ
കളിയിൽ കേമനെന്നറിഞ്ഞത്,,

കാലം കണക്കു പോലെ
അധിക ചിഹ്നത്തിൽ
കടന്നു പോയൊരു നാളിലാണ്
അങ്ങാടിയിലെ അഛന്റെ
പീടികയിലെ കണക്കു
ഞാൻ മാഷിനോട് പറഞ്ഞത് ,,

അന്നാണ് മാഷ്‌ പറഞ്ഞത്
നീ കണക്കിലെ കളിയെല്ലാം
പഠിച്ചിരിക്കുന്നു കുറയ്ക്കാനും
കൂട്ടനുമല്ല പെരുപ്പ കണക്കും
നിനക്കറിയാമിപ്പോള്‍....

അവള്‍

അടുക്കളയിലായിരിക്കുമ്പോൾ
മാത്രമാണവള് കരഞ്ഞു
കണ്ണ് തുടക്കുന്നത്,
കണ്ണുകള്‍ തികയാതെ
വരുന്നതുമപ്പോഴാണ് ...

ടീവിയിലെ പെണ്ണിന്റെ
കരച്ചില് നോക്കി-
നിന്നതുകൊണ്ടാണിന്നു
ചമ്മന്തി മതിയെന്ന് 
യെന്നൊടവൾ
കൊഞ്ചി കുഴഞ്ഞത് ,

നിസ്സംഗതയോടെ
അവളെത്തന്നെ
നോക്കി കിടക്കുന്ന
പൂച്ചയെ അരുമയോടെ
നോക്കിരിക്കുമ്പോഴാണ്‌
അടച്ചു വച്ച ചട്ടിയിലെ
മീന്‍ തുലാവർഷ മഴയില്‍
ചാടി പോയത് ,,

ഉറിയിലെ ഉപ്പു കല്ലില്‍
കൈ തൊട്ടപ്പോഴാണ്
കടല്കരയിൽ കൈ കോർത്ത്‌
കിന്നാരം പറഞ്ഞു നടന്ന
നായികയെഓർമ്മവന്നത്,

ഉച്ചപടം കഴിഞ്ഞപ്പോഴാണ്
കറി കൂട്ടു തോരനും കഴിഞ്ഞു
അടിപ്പിലെ കരിയിലെത്തിയത്,

അടുത്തവീടിലെ ഒരടുക്കള
ആരും കാണാതെ പൊതിഞ്ഞു
വരുമ്പോഴേക്കും വിശപ്പിന്റെ
അവസാനവേലിയും പൊളിച്ചു
ഞാന്‍ പുറത്തു ചാടുന്നത്
 

വെള്ളിയാഴ്‌ച, ഒക്‌ടോബർ 18, 2013

ആരോടും

ആരോടും പറയണ്ട
നമ്മള്‍ പെറുക്കിയെടുത്ത 
പ്രണയത്തിന്‍ വിത്തുകള്‍ ,
നമ്മുടെ കണ്ണുകള്‍-
കൈമാറിയ കാഴ്ചകള്‍,

വിരലുകള്‍ പരസ്പരം 
ചേര്ത്തു കഥകള്‍ 
പറഞ്ഞിരിക്കെ നീയൊരു 
ഉപ്പുകടലായത് 

ആരോടും പറയണ്ട
പെറുക്കിയെടുത്ത
മഞ്ചാടികുരു മോഹങ്ങളും,
വസന്തം മറന്ന
ശലഭങ്ങളായതും

കിനാക്കളുടെ രഹസ്യങ്ങള്‍ .
നമ്മുടെ ചുട്ടു പൊള്ളുന്ന
കിനാക്കളിലവർ
വെന്തുരുകിപോയാലോ ?

ആരോടും പറയണ്ട
ഞാൻ നിനക്ക്
നക്ഷത്രങ്ങളും
മഴയും തന്നത് ,
പകരം നീയെനിക്കു
മരണം മണക്കുന്ന
വാക്കുകൾ തന്നത് ,,,.

ബുധനാഴ്‌ച, ഒക്‌ടോബർ 09, 2013

കാത്തിരിപ്പ്

അമ്മാവനുമെത്തി എന്നിട്ടുമെങ്ങുമെത്തിയില്ല! ചിലപ്പോഴൊക്കെ മിഴിയൊന്നടച്ചു തുറക്കും,
കാത്തിരിപ്പിനന്ത്യ- മായൊരു നിലവിളി പുറത്തെക്കിറങ്ങിവരുമെന്നു ഞാനും കാത്തിരുന്നു മടുത്തു,
വഴയില്‍ വച്ചിട്ട് പോന്നൊരു കല്യാണവും,,കള്ളുഷാപ്പിലെ പാതി നിര്‍ത്തിയ തെറിപാട്ടുകളും, ഓഫിസിലെ മുഖ പുസ്തകവും നഷ്ടമായതെനിക്കല്ലേ?
തെക്കെതോടിയിലെ തേന്മാവിന്‍ ചോട്ടിലൊരു കോടാലിയും ചാരിയിരുന്നു പരിഭവം പറയുന്നു, അക്ഷമയോടെ, ഈ നശിച്ച ഞരക്കം മാത്രം കേട്ടെത്ര നേരമായ്‌ കാത്തിരിക്കുന്നു !
ഇനി ഇന്നുണ്ടാവില്ലന്നും നാളെ പഞ്ചമിയെന്ന ആവലാതിക്കുള്ളിലും കേശുമാമന്‍ നെഞ്ചോന്നുതടവി ഉമ്മറതിണ്ണയിലേക്കൊന്നു ചാഞ്ഞു,മെല്ലെ ചെല്ലം- തേടിയെന്നെ യൊന്നു നോക്കി പൊക്കിള്‍ ക്കൊടിയുടെ ബന്തമൊന്നുറപ്പിച്ചു
തെക്കിനിത്തളത്തിലപ്പോഴും നെഞ്ചുംകൂടു പൊളിച്ച്‌ പുറത്തു ചാടുന്ന ജീവശ്വാസത്തിന്റെ ഞരക്കവും കയറ്റുകട്ടിലിന്റേ ജീവതാളവും കേള്‍ക്കാം.

ചൊവ്വാഴ്ച, ഒക്‌ടോബർ 08, 2013

ശാന്തി കോമരങ്ങള്‍

ചത്തുറങ്ങിപ്പോയ രാത്രികളില്‍
മന്ത്രം ചൊല്ലിമോക്ഷം
നല്കണം ദേഹിക്ക് ,,

വറ്റുരുളയാക്കി
പിണ്ഡംവച്ച് എള്ളും
പൂവും ചന്ദനവും, കിണ്ടി
വാലിലൊരു നീരും
കൊടുത്തുന്നു ചൊല്ലണം

അനുഗ്രഹമെത്ര
വാരിയെറിഞ്ഞു
അന്നമിറങ്ങാ
തൊണ്ടകൊണ്ട്‌
ദേഹിഹിതമെത്ര
വിളിച്ചു ചൊല്ലി,

ചുണ്ടില്‍ മൃത്യുവിന്‍
മന്ത്രതാളമുണർന്നപ്പോൾ
തൊലി തുളച്ചു പൊന്തിയ
എല്ലിൻ കൂട്ടിൽ
വിശപ്പിന്റെ ജീവതാളം

ഒരുരുള വറ്റിനു വേണ്ടി
ചുടു കാട്ടിലേക്കുള്ള
ഒരു കനലാഴി
ദൂരം താണ്ടുന്ന
ശാന്തി കോമരങ്ങള്‍ ,

വിശക്കുന്ന വയറിന്റെ
വറ്റോളം വരുമോ
പ്രിതു തർപ്പണത്തിന്റെ
ഒരുരുള ചോറിൻ
പിണ്ഡത്തിൻ പുണ്യം??

അപരാധി

യുദ്ധകാണ്ഡങ്ങള്‍ക്ക്‌-
ഹേതു നീയോഞാനോ ?
കേട്ട രോദനങ്ങള്‍കെന്തു-
വില നല്‍കും രാമാ?

നിനക്കുപത്നി പോലെ
എനിക്ക് ഭഗിനി
വലുതല്ലന്നോ?

നവതീര്ത്ഥ്ങ്ങളില്‍
മുങ്ങി കുളിച്ചു,
ചമത മുറിച്ചു

കാമത്തിന്റെ
ചതഞ്ഞരഞ്ഞ
പെണ്ണുടല്‍,

യാഗ ധൂളിയില്‍
എള്ളും,പൂവും ,നെയ്യും
യാഗാഗ്നിയിലര്പ്പിച്ചു

കാവിയും
ശരങ്ങളുമായി
നീ വീണ്ടും വരും

അവളൊരു
വിശുദ്ധയായും
കന്യകയായും
ദേവിയായും
അമ്മയായും,

എന്നിട്ടുമെന്തേ
നീ യവളെ
ഉപേക്ഷിച്ചു ?

പ്രീയ ഭഗിനിയുടെ
ചൂഴ്നെടുത്ത
മുലയും മൂക്കും

ചോരവാര്‍ന്ന്
പ്രണയം
കാണാതെ

എന്റെ‍
കണ്ണുകള്‍ കൂടി
ചൂഴ്നെടുക്കാതെ -

ഈ നിസഹായനായ
രാവണനെന്നും
അപരാധി മാത്രം ...!
നിറഞ്ഞു കവിഞ്ഞൊഴുകിപോയ
നീയിപ്പോള്‍ ഈറനണിയിക്കുന്നത്,
നാളേക്ക് കാത്തുവച്ച 
സ്വപ്നങ്ങളും,കൊഴിഞ്ഞു-
പോയ മഴക്കാറ്റിലെ 
കുറച്ചു പ്രണയവുമാണ് 

ബുധനാഴ്‌ച, സെപ്റ്റംബർ 18, 2013

പുറപ്പാട്

ഒരു ശംഖിലെ
നാദം കേട്ട് 
ചങ്ങലകെട്ടിലേക്ക്
മടങ്ങിപോയ 
രാത്രി തന്‍ യാത്രയില്‍,,

മുള്ളുകള്‍ തീര്‍ത്ത
പാതയില്‍
ക്ഷതമറിയാതെ
നിനവില്‍ നിന്നും
ചുവപ്പിലേക്കുള്ള
എന്റെ പ്രയാണം,,,

ഓരോ അടയാളങ്ങളും
എന്നിലേക്കുള്ള -
എന്റെ മരണമാണ്
സൂചിപ്പിക്കുന്നത് ,

ചിരിക്കാന്‍ മറന്ന
പകലിന്റെ
മൌഡ്യമോര്ത്തു
സന്ധ്യ ഊറിചിരിക്കുന്നു,

ഇന്നലകളുടെ
അസ്ഥിമാടങ്ങളില്‍
ഒരു മണ്‍-വിളക്കായ്ഞാന്‍
കത്തി തീരുമ്പോഴും,

ഉണങ്ങാതെ വരണ്ട
മനസിന്റെ മുറിവില്‍
കുറച്ചു പ്രണയമന്ദാരങ്ങള്‍
മാത്രം ബാക്കി ,

ഇനി എന്ത്
എന്നാ ചോദ്യ
ചിഹ്നങ്ങളായീ ....

തുടരണമെനിക്കുയാത്ര
കാതങ്ങളോളം,..

ശനിയാഴ്‌ച, സെപ്റ്റംബർ 07, 2013

സരയു

രാമാ.. നിനക്കായീ കേഴുന്നു ഞാന്‍ വീണ്ടും!
ഒരുനോക്കു കാണുക നിന്‍ അയോദ്ധ്യയെ!! 
ഒഴുകിയൊലിക്കുന്നു സരയുവിലേക്ക് വീണ്ടും
വീണ്ടും ചെങ്കോലിൻ പാതകളിലൂടെ .......,
ഉത്സവങ്ങൾ, ആഘോഷങ്ങൾ ചന്തകൾ, 
പെൺകൊടകൾ..എല്ലാമിന്നു സരയുവിന്‍ 
ശാപമായീ ആൽത്തറകള്‍ പോലുമില്ലാതാകുന്നു,,,, 
ഇന്നലെയിവിടെയൊരുവലിയമരം,, ഇലകള്‍ 
നീണ്ടു കാണെക്കാണെ വളർന്നു കണ്ണിനിമ്പമായ്,
വേലികൾപ്പുറവുമൊരു ചന്തമോടെ തണലായ്‌ 
നിന്റെ അയോദ്ധ്യ ,,!ഇന്നു കാണുക ചുട്ടുപൊള്ളുന്നു
കടക്കണ്ണുകളില്‍ നിറങ്ങളും താഴികകുടങ്ങളും
അഗ്നി കടയുന്നതും തകരുന്നതും ,,,സരയുവിന്‍
തീരങ്ങളിലൊഴുകുന്നു കബന്ധങ്ങള്‍ സൂര്യ
താപമേറ്റു ചുവന്നും തുടുത്തും കണ്ണീർക്കണം
പോലെ തെളിഞ്ഞോഴുകുകയാണ് യിപ്പോഴും,
സരയുവിന്‍ നിഴലുകളിൽ വഴികണ്ണുമായ്‌
ഞാന്‍ കാത്തിരിക്കുന്നു രാമാ നീ തിരികെ
വരില്ലെ? ഈ സരയുവിനൊരു ചിറ തീർത്ത്....

മറഞ്ഞൊരു സന്ധ്യ

ഞാനൊന്ന് നടക്കട്ടെ പിന്നിട്ട വഴിയിലൂടെ 
മുള്ളുകള്‍ നീക്കി ചെറുദൂരമെങ്കിലും,

ഓർക്കാം, കഴിഞ്ഞ നാളിലെ കദനങ്ങള്‍
തീരാത്ത കനവിന്റെ നോവുകളൊക്കയും,

വെറുതേയീ കടവിലിരിക്കാമിത്തിരി നേരമെന്‍ 
ചിതറിത്തെറിച്ചൊരീ മണൽത്തരി പൊട്ടിലായ്,,

അലസമായൊഴുകുന്ന പുഴയുടെ തീരത്ത് 
നിശ്ചലം നില്‍ക്കുന്നു വഴിയറിയാതെ ഞാന്‍,

പിന്നോട്ട് പോകില്ലൊരിക്കലും ഞാനിനി യെന്‍
മയില്‍ പീലി താളൂകൾ മറിക്കില്ലൊരിക്കലും,
‘ 
ചിതറി തെറിച്ചോരെൻ നക്ഷത്ര പൊട്ടുകള്‍
കണ്‍ ചിമ്മി യെന്തോ വിലക്കുന്നു വിണ്ണിലായ് ,

വയ്യെനിക്കേറെ മുന്നോട്ടു പോകുവാന്‍ നിഴല്‍ 
വീഴ്ത്തി സന്ധ്യ മറഞ്ഞിരിക്കുന്നുയാത്രയിൽ,, 

നേര്ക്കാഴ്ചയുടെ സത്യത്തിനുള്ളിലീവഴിയിലെ
മങ്ങിയ സ്‌മൃതികള്‍ ഞാന്‍ നിറവോടെയറിയുന്നു,,

മുമ്പേ...! മുന്നോട്ടു പോകട്ടെ കാൽപ്പാടുകൾ നോക്കി 
കരുതലോടെ ചുവടുകള്‍ വക്കണമെനിക്കിനി, .....

വ്യാഴാഴ്‌ച, ഓഗസ്റ്റ് 29, 2013

ഓര്‍മ്മ ഘടികാരം

ഇന്നലകളുടെ നോവിന്റെ വിഭ്രമരാത്രികള്‍
നിദ്ര വിഹീനമാം ശലഭങ്ങളാകുന്നു

ദിക്കുകളറിയാതെ യാത്ര തുടരുന്നു പാഴ്-
മരചില്ലയിലൊരു കൂട് തേടുന്നു ഞാന്‍,

വിരസമാല്ലാത്തൊരു പകലിനെ തിരയുന്നു
താരാട്ട് തേടുന്ന പൈതല്‍ പോലെന്മനം,

തെന്നലിന്‍ മര്‍മ്മരം നെറുകയില്‍ വാങ്ങുന്ന
കുറുനിര കുന്നുകള്‍ കമ്പളം തേടുന്നു,

മരുഭൂമിയില്‍ പായും യാഗശ്വമായ്‌ ഞാനിത
കുതറിപ്പറക്കുവാന്‍ കഴിയാതെ നില്ക്കുന്നു,

ഓര്‍മ്മതന്‍ ഘടികാരം താനേ ചലിക്കുന്നു
മിഴികള്‍ തുറക്കാതെ ചില മായകള്‍ കാണുന്നു,

അദൃശ്യനായാരോയെന്‍ കരങ്ങള്‍ മുറുക്കുന്നു
ഇടയ്ക്കെന്റെ ചുണ്ടുകള്‍ താഴിട്ടു പൂട്ടുന്നു,

ഇമപൂട്ടിയാലെന്റെ ഭ്രമണങ്ങള്‍ കാണുന്നു
ഇമ ചിമ്മിയാല്‍ ഞാന്‍ പകലിലെക്കുണരുന്നു,

എന്നഭിലാഷത്തിൻ തെക്കേ തൊടിയിലെ
തേന്‍ മാവ് പൂക്കില്ല തളിർക്കില്ലൊരിക്കലും

എന്റെ സ്വപ്നങ്ങളുമെന്റെ നിരാശയും
മാകന്ദ ചില്ലയിലെരിഞ്ഞു തീരട്ടെ ഞാന്‍...

തിങ്കളാഴ്‌ച, ഓഗസ്റ്റ് 26, 2013

രാഗവും താളവും

വിദ്യാലയത്തിന്റെ 
ഓരോ തൂണുകളിലും ചെവി
ചേർക്കുമ്പോൾ..
ഓരോ രാഗമാണ്

,മയില്‍ പീലിയുടെ
പരിഭവങ്ങളും,
ഓടിയ വേഗങ്ങളുടെ 
കിതപ്പുമോരോ താളമാണ്

ആഴത്തിലറിയാനും
അറിഞ്ഞ അറിവുകളും
ഒരു ലയമാണ്

ഞെരിഞ്ഞ മണ്‍ തരികള്‍
ഇളകിതെറിച്ച ഈ കാലടികള്‍
നാളയുടെസംഗീതമെന്നു
സ്വകാര്യം പറയുന്നു,

എന്റെ പ്രണയത്തിന്റെ
പരിഹാസമായ്‌
ഈ കിളികളെല്ലാമെന്തിനാണ്
കലപില കൂട്ടുന്നത്‌ ?

അടുത്തിരുന്നവന്റെ,
പിണങ്ങിപോയവന്റെ,
തിരക്കില്‍ കൂട്ടിമുട്ടിയവന്റെ രാഗം,-
ഈ തടി തൂണുകളെന്തിനാണ് മൂളുന്നത്?

എന്റെ രാഗങ്ങളുടെ
പോട്ടിയകമ്പികളോര്മ്മൾക്കുമേലെ
വേദനകൾക്കുമേല്‍,
അപമാനങ്ങൾക്ക് മേല്‍
ഇ തുരുമ്പിച്ച ലോകത്തിലേക്ക്
എന്റെ സ്വപ്നങ്ങളുടെ രാഗവും താളവും
പിഴക്കുന്നതറിയാതെ
നിഷാദ രാഗത്തില്‍ ഞാനും ..

ചൊവ്വാഴ്ച, ഓഗസ്റ്റ് 20, 2013

പിന്‍ വിളി

ഒരുവളപൊട്ടിന്റെ ചില്ലുകള്‍ തേടവേ
ചില്ലതന്‍ കൂടോന്നുലഞ്ഞില്ലേ നെഞ്ചിലായ്‌..,
കാറ്റിന്റെ മർമ്മരം രോദനമായീ നീ
നിദ്രതന്‍ പിന്‍ വിളി കേൾക്കാതെ പോകയോ ..,

പരിതാപമോടെയീ പഴമതന്‍ ചാർത്തിലെ
പെയ്യാത്ത മഴയായി കേഴുന്നുവോ സഖി ..?
കടലായീ വന്നു മടങ്ങിനീ മത്സഖി 
തിരയായിരുന്നുവെന്നറിയാതെയെന്മനം..!!

മധുരമില്ലാതെ 'പൂ' നുകരുന്ന വണ്ടുപോല്‍
മലരായ്‌ കിനിയുമെന്‍ മോഹങ്ങളെന്നുമേ,,
എന്തു വന്നാലും പിരിയില്ല നാമെന്നു-
പലവട്ടം എന്‍ കാതില്‍ ചൊല്ലിയതെന്തിനു?

നിദ്രയിലിന്നന്നെ തഴുകുമ്പോളോമനെ-
നിന്‍കരസ്പര്ശത്താല്‍ ഞാനുണരും,
എന്മനമപ്പോഴും പകല്കിനാക്കള്‍ തന്‍
ജാലക വീഥിയിൽ തെന്നലായ്‌ നിദ്രയെ പുല്കു്ന്നു,.

ഞായറാഴ്‌ച, ജൂലൈ 14, 2013

തിരികെ വരാതെ

നീ നടന്നു പോകിലും ഘനശ്യാമ വർണ്ണമേ 

തിരികെയിന്നു നിന്റെയാതുഷാര വര്ണ്ണമോര്മ്മയായ്‌,

ഹൃദയമിന്നു വിങ്ങിടുന്നു പെയ്തൊഴിയാതെയീമഴ 

പ്രളയമെന്നെമൂടിടാന്‍ തുടങ്ങിടുന്നു ജീവനില്‍,

വസന്തമെന്റെ യാത്രയില്‍ മധു വിളമ്പിയിന്നലെ

ചെമ്പകത്തിന്‍ ചില്ലയില്‍ പ്രണയവല്ലി പോലെ നീ

ഇതളുകള്‍ കൊഴിഞ്ഞുനീ മാഞ്ഞു പോയ്‌ മത്സഖീ

വസന്ത കാലസന്ധ്യയില്‍ ഞാനേകനായോമനെ,

നമ്മള്‍ കണ്ടസ്വപ്നമൊക്കെ ധൂമമായ് ഇന്നിനി

കനല് നീറികത്തിയെന്‍ കരളു വെന്തുരുകുന്നു ,

മുള്ളുകള്‍ പൊഴിച്ച് യാത്രപോയീ നീ, ഇനി

നിഴലായ് കൂടെ വരാന്‍ കഴിയില്ലെനിക്കിനി.....

മൌന മേഘങ്ങള്‍

മൌന മേഘങ്ങള്‍ മിന്നലെറിഞ്ഞു മുഴങ്ങുന്നുണ്ടൊരു ഇടി നാദം , 
നിറം മാറി രൂപം മാറി പുഴക്കിപ്പോള്‍ പുതു രൂപം ,
നിലയില്ല മഴ കാറ്റില്‍ നിലയില്ല സായാഹ്ന നിഴലുകള്‍
ഒഴുകുന്ന മരണത്തിലൊരശീരിരിയായ്‌ നീ വിളിക്കുന്നു,
ചാഞ്ഞു വീഴുന്ന മരച്ചില്ലയില്‍ ഒരു പൂവിന്‍ വിളി കേട്ടൂ
പൊഴിഞ്ഞു പോയ ഇതളുകള്‍ വിട ചൊല്ലി പിരിഞ്ഞവര്‍ 
ആഴങ്ങള്‍ അറിയാതെ പിന്‍വിളി കേള്ക്കാതെ 
നിലയില്ല കയത്തിലേക്ക് ഒഴുകി നീ യാത്രയായീ ..

തിങ്കളാഴ്‌ച, ഏപ്രിൽ 15, 2013

ഗ്രൂപ്പുകളൂണ്ടാവുന്നത്

ഗ്രൂപ്പുകളൂണ്ടാവുന്നത് ബീടിയില്‍ നിന്നും 
ബീടിയിലേക്ക് തീപിടിപ്പിക്കും പോലെയാണ്,,

പ്രണയം സ്വര്‍ഗ്ഗമാണെങ്കിലതൊരു ബൂര്ഷ
സങ്കല്‍പ്പമെന്നു കമ്മ്യൂണിസ്റ്റ് പച്ച -
തോട്ടവാടിയോടു പറയുന്നത് കേട്ടാണ് 
കുന്നിന്‍ ചരിവിലിരുന്നപാക്കരന്‍ 
പുഴയിലേക്ക് കഴുകാന്‍ പോയത് ,,

നീ എനിക്ക് ചുറ്റും വരച്ചിരിക്കുന്ന 
ലക്ഷ്മണ രേഖപോലെയാണ് രാഷ്ട്രിയമെന്നു
ഇയ്യാംപാറ്റ്യുടെ മൂളല് കണ്ടാല്‍ തോന്നും,

പുറം നഗരങ്ങളിലെ വെട്ടവും
വെളിച്ചവും കാണാതെയാണ്
മിന്നാമിനിങ്ങ് നിലാവ് പൊഴിക്കുന്നത് ,

പോട്ടകിണറ്റിലെ തവളകളങ്ങനെയാണ്
മഴ പെയ്താലുമില്ലങ്കിലും ക്രോക്രോ
പറഞ്ഞു ഉറക്കം കെടുത്തും..
പുലരിതന്‍കുങ്കുമ പട്ടുടുത്ത് പൊന്‍
കണികൊന്നയില്‍ മെല്ലെ നോക്കി

പക്ഷികള്‍ ചില്‍ ചില്‍ ചിലമ്പണിഞ്ഞു
ചില്ലകള്‍ തോറും പറന്നണഞ്ഞു

തെന്നല്‍ വന്നൊന്നു തലോടിയപ്പോള്‍
പൊന്മണി ചില്ലകള്‍ പൂവിതറി

പൂവ്കവര്ന്നു കുണുങ്ങിയോടി
കാനനച്ചോലതന്‍ വമ്പു കണ്ടോ ?

കതിരവ നീ എന്നെ നോക്കിയെന്തേ
നീയെന്നില്‍ തന്നെ ലയിച്ചിടുന്നു

എന്നെ നീ ഇങ്ങനെ നോക്കിയാലോ
തീരാ വിരഹമായ്‌ മാറുകില്ലേ..?